Saturday, January 5, 2008

ബ്ലോഗില്‍ വെട്ടുകിളി ശല്യം

എം. കെ ഹരികുമാറിന്റെ ബ്ലോഗില്‍ വെട്ടുകിളി ഇറങ്ങിയതായി വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.



ഇനി വെട്ടുകിളിയുടെ സ്വന്തം കമന്റ് ഇതാ ഇവിടെ -




പ്രിയ എം.കെ. ഹരികുമാര്‍ സാര്‍ അറിയുന്നതിന്,


പകര്‍പ്പവകാശം മാനിക്കാതെ പാചകക്കുറിപ്പുകള്‍ അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് യാഹൂ മലയാളം പോര്‍ട്ടലിനെതിരെ നടന്ന കോപ്പിറൈറ്റ് യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഒരു വിവാദവിഷയത്തില്‍ മലയാള ബ്ലോഗര്‍മാരൊന്നടങ്കം ഒരേ വികാരത്തോടെ പ്രതികരിക്കുന്നത്. ബ്ലോഗില്‍ വന്ന് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ അങ്ങയെ പോലുള്ള ഒരു നിരൂപകന്‍ എങ്ങനെ ഇത്രത്തോളം വെറുപ്പ് സമ്പാദിച്ചു എന്ന് അത്ഭുതം തോന്നുന്നു. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ശൈലിയാണ് അങ്ങ് സ്വീകരിച്ചിട്ടുള്ളത്. പോകുന്ന പോക്കില്‍ കണ്ടവനെയെല്ലാം അടച്ചു തെറിപറഞ്ഞാല്‍ മാത്രം വാരഫലം കൃഷ്ണന്‍നായരെന്നല്ല, തനിനിറം കൃഷ്ണന്‍നായര്‍ പോലുമാകില്ല. അടുത്തിടെ നടന്ന ഒരു മരണത്തോടെ (പരേതന്റെ ആത്മാവിനു് ശാന്തിയായിരിക്കട്ടെ!) അനാഥമായി തീര്‍ന്ന ഫയറിന്റെ എഡിറ്റര്‍ കസേരയിലേക്ക് അവകാശവാദമുന്നയിക്കാനുള്ള പോക്കാണ് അങ്ങയുടേതെന്ന് ഞങ്ങളാരും കരുതുന്നില്ല. അങ്ങയുടെ പുസ്തകസംരംഭത്തിന്റെ പേരില്‍ തന്നെയുള്ള നീല മലയാളം ബ്ലോഗുലകത്തെ വരിഞ്ഞുമുറുക്കാന്‍ പോന്നതല്ലെന്ന ചങ്കുറപ്പ് ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട്.


വായില്‍കൊള്ളാത്ത വാക്കുകളും വലിയ ചിന്തകരുടെ പേരുമെഴുതി ആളെ പേടിപ്പിക്കുന്ന കാലമൊക്കെ കടന്നുപോയി. വിരല്‍ത്തുമ്പില്‍ വിവരവിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇക്കാലത്ത് നാഴികയ്ക്കു നാല്‍പ്പതുവട്ടം ഫുക്കോ, ദരീദ എന്നൊന്നും പറഞ്ഞതുകൊണ്ടു മാത്രം നല്ല നിരൂപകനാകില്ല. അതിനു മിനിമം വായന വേണം സാര്‍. ഫോട്ടോയ്ക്ക് പിന്നില്‍ പുസ്തകഷെല്‍ഫ് ഉണ്ടായതുകൊണ്ടു മാത്രം ആരും വായനക്കാരനാകില്ലല്ലോ സാര്‍. കൂടാതെ വിനയം എന്ന വലിയ ഗുണവുമുണ്ടാകണം. വലിയ ധൈര്യശാലിയായ അങ്ങ് തലങ്ങുംവിലങ്ങും ആക്ഷേപിക്കുന്ന പേരയ്ക്കയുടെ ബ്ലോഗിലൊക്കെ ഒന്നു വെറുതെ പോയി നോക്കണം സാര്‍. അതിനു നാലയല്‍വക്കത്തുവരുന്ന ഒരു ലേഖനം ജനുവിനായി എഴുതാന്‍ സാര്‍ നാല്‍പ്പതു ജന്മം തപസ്സിരുന്നാല്‍ കഴിയില്ല. ഖസാക്കിന്റെ ഇതിഹാസത്തിനപ്പുറം സാഹിത്യമില്ലെന്നു കരുതുന്ന കൂപമണ്ഡൂകമായി സാര്‍ അധഃപതിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ട് സാര്‍.


കേരളകൌമുദി എഡിറ്റര്‍ നിര്‍ത്തിവച്ച പംക്തി കലാകൌമുദിയില്‍ തുടരാനായത് പ്രിന്റ് മീഡിയയില്‍ എഴുതാനറിയാവുന്ന നല്ല കുട്ടികളെ കിട്ടാഞ്ഞിട്ടാവും. (ഈ രഹസ്യമൊക്കെ ഞങ്ങള്‍ക്കുമറിയാം സര്‍.) എന്നാല്‍ ബ്ലോഗില്‍ അങ്ങനെയൊരു പ്രതിഭാദാരിദ്ര്യമില്ല സാര്‍. ഇവിടെയാരും എഴുത്തുതൊഴിലാളികളല്ല. ഞങ്ങളെല്ലാം ജീവിക്കാന്‍ വേണ്ടി പല പണി ചെയ്യുന്നവര്‍. ഞങ്ങളുടെ ഒഴിവുസമയത്ത് ഞങ്ങള്‍ എഴുതുന്നു. ഞങ്ങള്‍ക്കു പറയാനുള്ളത് പങ്കുവയ്ക്കപ്പെടുന്നു. അതു വായിക്കാനും അഭിപ്രായമറിയിക്കാനും ഞങ്ങള്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ധാരാളം പേര്‍ തയ്യാറാകുന്നു. അവരും ഞങ്ങളില്‍ പെട്ടവര്‍ തന്നെയാണ്. ഇവിടെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായം കാണുമെന്നും പരസ്പരം ആ അഭിപ്രായങ്ങളെ മാനിക്കണമെന്നും ഞങ്ങള്‍ക്കറിയാം. അതൊന്നും പ്രിന്റ് മീഡിയയ്ക്ക് വശമല്ലെന്നുമറിയാം. എന്നിട്ടും പ്രിന്റ് മീഡിയയില്‍ തന്നെ പണിയെടുക്കുന്ന എത്രയോ പേര്‍ കാലങ്ങളായി ഞങ്ങളോടൊപ്പം ബ്ലോഗിലുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത ഏതുകൊമ്പാണു സാര്‍ അങ്ങയ്ക്കുള്ളതു്? മനോരമയിലും മാതൃഭൂമിയിലും കേരളകൌമുദിയിലും കലാകൌമുദിയിലും ദീപികയിലും മാധ്യമത്തിലും ദേശാഭിമാനിയിലും മറ്റ് അസംഖ്യം പ്രസിദ്ധീകരണങ്ങളിലും പണിയെടുക്കുന്ന എത്രയോ പേര്‍ ഇവിടെ ബ്ലോഗ് ചെയ്യുന്നു സാര്‍? അവര്‍ക്കാര്‍ക്കും ഈ പത്രക്കാരന്റെ ജാഡ ഇല്ലല്ലോ സാര്‍. ഇവരുടെയാരുടെയും പേര് സാറിനറിയില്ലെങ്കില്‍ പറയൂ സാര്‍, ഞങ്ങള്‍ പറഞ്ഞുതരാം ആ ബ്ലോഗുകള്‍.


ബ്ലോഗ് ജനാധിപത്യം എന്തെന്നും ബ്ലോഗിലെ അഭിപ്രായ സ്വാതന്ത്ര്യം എന്തെന്നും സാര്‍ മനസ്സിലാക്കിയിരിക്കുന്നത് ഭാവിയിലെങ്കിലും നല്ലതാണ്. ഈ പ്രിന്റ് മീഡിയ അധികകാലം ഇങ്ങനെ മുന്നോട്ടുപോകില്ല സാര്‍. അന്നു സാറിന് വേറെ ജോലി നോക്കേണ്ടി വരും. അപ്പോഴേക്കും ഈ ജനാധിപത്യമര്യാദയൊക്കെ ഒന്നു പഠിച്ചുവച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകില്ലേ? സാര്‍ പറയുന്നതെന്തും അപ്പാടെ വിഴുങ്ങുക എന്നതല്ലല്ലോ സാര്‍ ബ്ലോഗ് നീതി. എതിരഭിപ്രായം ഉന്നയിക്കാനും അതിനു മറുപടി പറയാനുമൊക്കെ ബാധ്യതയുള്ള ഒരു മീഡിയമല്ലേ സാര്‍ ബ്ലോഗ്? വായനക്കാര്‍ കൂടി ചേര്‍ന്നല്ലേ സാര്‍ ഓരോ ബ്ലോഗ് ലേഖനവും പൂര്‍ത്തീകരിക്കുന്നത് ? അത്തരമൊരു സംവാദമില്ലെങ്കില്‍ പ്രിന്റ് മീഡിയയും ബ്ലോഗും തമ്മില്‍ എന്തു വ്യത്യാസം സാര്‍? ഏറാന്‍മൂളികളെയും മൂടുതാങ്ങികളേയും മാത്രമേ സാര്‍ കമന്റ് ബോക്സിലേക്ക് അടുപ്പിക്കുകയുള്ളൂ എങ്കില്‍ സാറെന്തിനു വിഷമിച്ചു ബ്ലോഗ് ചെയ്യണം? സാറിന്റെ കോക്കസില്‍ പെട്ടവരെ കുറിച്ചു പൊക്കിയെഴുതുകയും സാറിനിഷ്ടപ്പെടാത്തവരെ താഴ്ത്തിയെഴുതുകയും ചെയ്താല്‍ അതപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഞങ്ങളാരും കലാകൌമുദിയുടെ വരിക്കാരല്ലല്ലോ സാര്‍.


വെബ്ബില്‍ ചുമ്മാകിടക്കുന്നതല്ലേ എന്ന വിചാരത്തില്‍ സാര്‍ കുറെ ഫോട്ടോകളൊക്കെയെടുത്ത് ലേഖനത്തിന്റെ കൂടെ ചാര്‍ത്തുന്നുണ്ടല്ലോ. ഇതാണോ സാര്‍ ഉത്തരാധുനികത? പകര്‍പ്പവകാശമുള്ളതും പകര്‍പ്പുപേക്ഷയുള്ളതുമായ ഫോട്ടോകള്‍ നെറ്റില്‍ കാണും. അതെല്ലാമെടുത്ത് അതിലെ ക്രെഡിറ്റ് ലൈന്‍ ചുരണ്ടി കളഞ്ഞിട്ട് ഏതോ മഹാകാര്യം ചെയ്തതുപോലെ പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടി ചീപ്പാണു സാര്‍.


പണ്ടു ശങ്കരപ്പിള്ള പറഞ്ഞതു തന്നെ ഞങ്ങള്‍ക്കും പറയാനുള്ളൂ സാര്‍.


സാറിനെപ്പോലുള്ളവരുടെ പല ഫോട്ടോകള്‍ വേണം സാര്‍
ചാഞ്ഞുംചരിഞ്ഞുമുള്ളവ
നിന്നും നടന്നുമുള്ളവ...


അപ്പോ ഈ വഴിയൊക്കെ കാണുമല്ലോ, അല്ലേ സാര്‍?